എല്ലാ സുമനസ്സുകള്‍ക്കും ലോക പരിസ്ഥിതി ദിനാശംസകള്‍
കവിത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem
Anwar Shah Umayanalloor
പറഞ്ഞുപോകുന്നു
പ്രകൃതിയെന്നും
മനോഹരി!
ചിലനേര,മരികെനിന്നു
ചിരിക്കും സുമംഗലി
ബഹുവിധവേഷമണിയും
സുധാമയി,
മലര്‍മന്ദഹാസംപൊഴിക്കുന്ന
കണ്‍മണി
കുഞ്ഞരുവിതന്‍
സൗമ്യഭാഷയോതുന്ന നിന്‍
നന്മഞാനോര്‍ത്തുപാടുന്നു,
മഹേശ്വരി
വാരുറ്റ
മലയാളമണ്ണില്‍ വസിക്കുമെന്‍
വേരറ്റുപോകുമൊരിക്കലെന്നാകിലും
നാളുകളോരോന്നമര്‍ന്നടിഞ്ഞിടിലും
നാളെയുമഴകോടെ
വാഴേണ്ടതാണുനീ.
നല്ല
പുന്നെല്ലിന്‍ മണമുളള ചിന്തകള്‍
ചിന്തയിലെന്നും
തളിര്‍ത്തുയര്‍ന്നീടുവാന്‍
ഹേമവര്‍ണ്ണം
പകര്‍ന്നീടുമുദയാര്‍ക്ക-
രശ്മികളിന്നെന്നകം
കുളിര്‍പ്പിക്കുവാന്‍
സുമധുരാദര്‍ശമന്ത്രങ്ങളീ
നാടിന്റെ-
ചൈതന്യമായിത്തിളങ്ങിനിന്നീടുവാന്‍
അന്‍പോടെയുന്മേഷമേകുന്ന
പുണ്യമേ;
മുന്‍പില്‍
നമിച്ചിടുന്നനുപമാനന്ദമേ.
ഹേമന്തമായ്
കുളിരേകി,നില്‍ക്കുമ്പോഴും
മൗനിയായ്,
നീയെന്‍മനം
നീറ്റിടുമ്പോഴും
ലാസ്യഭാവം
ചിലനേരം വെടിഞ്ഞപോല്‍
താണ്ഡവമാടി
ഭയപ്പെടുത്തീടിലും
ഒടുവിലതെല്ലാം
മറന്നൊരു,
മാട-
പ്പിറാവായരുകിലുരുമ്മിക്കുറുകിലും,
ഇഷ്ടമല്ലാതുള്ളിലുയരില്ല!
മര്‍മ്മരം:
ദൃഷ്ടിയില്‍-മത്സഖീ
നീ രമ്യ സാന്ത്വനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ