2013, ജൂൺ 19, ബുധനാഴ്‌ച

വിവാഹമംഗളാശംസകള്‍

വിവാഹമംഗളാശംസകള്‍

16-06-2013-ല്‍ (ഞായര്‍) കൊട്ടിയം സ്വയംവര ആഡിറ്റോറിയത്തില്‍വച്ച് വിവാഹിതരായ ഷിറിനും ഷമീറിനും ഭാവുകങ്ങള്‍ നേരുന്നു.

2013, ജൂൺ 5, ബുധനാഴ്‌ച

ഇന്ന് ലോക പരിസ്ഥിതി ദിനം - അന്‍വര്‍ ഷാ ഉമയനല്ലൂര്‍

എല്ലാ സുമനസ്സുകള്‍ക്കും ലോക പരിസ്ഥിതി ദിനാശംസകള്‍



കവിത          അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Poem         Anwar Shah Umayanalloor

പറഞ്ഞുപോകുന്നു


പ്രകൃതിയെന്നും മനോഹരി!
ചിലനേര,മരികെനിന്നു ചിരിക്കും സുമംഗലി
ബഹുവിധവേഷമണിയും സുധാമയി,
മലര്‍മന്ദഹാസംപൊഴിക്കുന്ന കണ്‍മണി
കുഞ്ഞരുവിതന്‍ സൗമ്യഭാഷയോതുന്ന നിന്‍
നന്മഞാനോര്‍ത്തുപാടുന്നു, മഹേശ്വരി
വാരുറ്റ മലയാളമണ്ണില്‍ വസിക്കുമെന്‍
വേരറ്റുപോകുമൊരിക്കലെന്നാകിലും
നാളുകളോരോന്നമര്‍ന്നടിഞ്ഞിടിലും
നാളെയുമഴകോടെ വാഴേണ്ടതാണുനീ.

നല്ല പുന്നെല്ലിന്‍ മണമുളള ചിന്തകള്‍
ചിന്തയിലെന്നും തളിര്‍ത്തുയര്‍ന്നീടുവാന്‍
ഹേമവര്‍ണ്ണം പകര്‍ന്നീടുമുദയാര്‍ക്ക-
രശ്മികളിന്നെന്നകം കുളിര്‍പ്പിക്കുവാന്‍
സുമധുരാദര്‍ശമന്ത്രങ്ങളീ നാടിന്റെ-
ചൈതന്യമായിത്തിളങ്ങിനിന്നീടുവാന്‍
അന്‍പോടെയുന്മേഷമേകുന്ന പുണ്യമേ;
മുന്‍പില്‍ നമിച്ചിടുന്നനുപമാനന്ദമേ.

ഹേമന്തമായ് കുളിരേകി,നില്‍ക്കുമ്പോഴും
മൗനിയായ്, നീയെന്‍മനം നീറ്റിടുമ്പോഴും
ലാസ്യഭാവം ചിലനേരം വെടിഞ്ഞപോല്‍
താണ്ഡവമാടി ഭയപ്പെടുത്തീടിലും
ഒടുവിലതെല്ലാം മറന്നൊരു, മാട-
പ്പിറാവായരുകിലുരുമ്മിക്കുറുകിലും,
ഇഷ്ടമല്ലാതുള്ളിലുയരില്ല! മര്‍മ്മരം:
ദൃഷ്ടിയില്‍-മത്സഖീ നീ രമ്യ സാന്ത്വനം.


2013, ജൂൺ 2, ഞായറാഴ്‌ച

വിദ്യാലയത്തിലേയ്ക്ക് (സുസ്മൃതി) - കവിത (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)- Poem- Anwar Shah Umayanalloor

പുതുതായി സ്കൂളില്‍ചേരുന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകള്‍.

-->
കവിത      അന്‍വര്‍ ഷാ ഉമയനല്ലൂര്‍      
Poem      Anwar  Shah Umayanalloor

വിദ്യാലയത്തിലേയ്ക്ക്

നാടിന്‍ നിനവുകള്‍ തൊട്ടുണര്‍ത്തുന്നതാം
കൊച്ചു,ഗ്രാമീണവിദ്യാലയത്തില്‍
ബാല്യത്തിലാദ്യമായെത്തിയതിന്നുമെന്‍
സ്മൃതിയില്‍ മധുവായ്നിറഞ്ഞിടുന്നു.

മോടിയില്‍ക്കോടിധരിച്ചുഞാനച്ഛന്റെ-
കൈപിടിച്ചന്നു നടന്നുമന്ദം
പാടവരമ്പിലൂടക്കരയ്ക്കെത്തവേ,
കണ്ടുഞാനെന്നാദ്യ*വിദ്യാലയം.

ഒരുചെറുചാറ്റല്‍മഴയുടെതാളത്തി-
നൊപ്പമെന്നുളളില്‍നിറഞ്ഞു ഹര്‍ഷം;
അന്നു വിദ്യാലയമുറ്റത്തൊരായിരം
മുത്തുമണികള്‍ ചൊരിഞ്ഞുവര്‍ഷം.

അത്ഭുതത്താല്‍ നയനങ്ങള്‍നിറഞ്ഞുപോ-
'യൊന്നാംതര'ത്തിലിരുന്നനേരം
ഇന്നുമെന്നോര്‍മ്മയി,ലാചാര്യവാത്സല്യ-
വദനംനിറച്ചിടുന്നാ-സുദിനം.

പലരും വിതുമ്പിക്കരഞ്ഞു, മറ്റുളളവ-
രരികത്തു നിശ്ശബ്ദരായിരിക്കെ,
പ്രഥമദിനത്തിലെന്‍ പേരുചോദിച്ചാദ്യ-
മധുരംപകര്‍ന്നുതന്നദ്ധ്യാപകന്‍.

ഹൃദയത്തെ മെല്ലെത്തലോടുന്ന പാഠങ്ങ-
ളൊന്നായിഞങ്ങള്‍ പഠിച്ചു-പിന്നെ,
ഓരോ ഋതുക്കളുമതുപോലെതന്നെയ-
ന്നെത്രയോകാര്യമുണര്‍ത്തിയെന്നെ.

ഗുരുനാഥനോതിയോരുപദേശമിന്നുമെ-
ന്നകതാരിലുയരുന്നു; ജന്മപുണ്യം:
അക്ഷരത്തെറ്റുവരുത്താതിരിക്കുവാന്‍
ശ്രദ്ധിച്ചിടേണ”മെന്നുളളവാക്യം.

എത്ര തിരക്കുകള്‍ക്കുളളിലായാലുമി-
ന്നുളളില്‍ത്തെളിയുമാ തൂവെളിച്ചം:
അറിവിന്റെ ബാലാക്ഷരങ്ങള്‍ പഠിപ്പിച്ച-
യാദ്യവിദ്യാലയാചാര്യസൂക്തം.
-----------------------------------------
*ഉമയനല്ലൂര്‍-പേരയം പി.വി.യൂ.പി. സ്കൂള്‍