2013, മാർച്ച് 12, ചൊവ്വാഴ്ച

കാലം (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍


-->
കവിത                                    അന്‍വര്‍ ഷാ ഉമയനല്ലൂര്‍



കാലം


തലമുറകള്‍ വന്നു പോയ്‍ മറയും-മണ്ണില്‍
ഒരുപിടി സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിക്കും
മധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍-പക്ഷെ
കണ്ണീരില്‍മുങ്ങിത്തിരിച്ചുപോകും.

കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവെ
കാല്‍കുഴഞ്ഞിടറിത്തളര്‍ന്നുവീഴും
കൈത്താങ്ങുനല്‍കാതൊഴിഞ്ഞുമാറി-കാല-
മറിയാത്തപോലേ കടന്നുപോകും.

വാസന്തമേറേയകന്നുനില്‍ക്കും-പാവം
മര്‍ത്യരോ ശിശിരങ്ങളായ്‍‌ക്കൊഴിയും
നറുമണം സ്വപ്നത്തിലെന്നപോലെ-വെറു-
മോര്‍മ്മയില്‍മാത്രമൊതുങ്ങിനില്‍ക്കും.

അറിയാതെ ജീവന്‍ കൊഴിഞ്ഞുപോകെ-നവ
മുകുളങ്ങള്‍ പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തുനില്‍ക്കും-മര്‍ത്യ-
നുലകത്തിന്‍ സിംഹാസനത്തിലേറും.

വരളുന്ന പുളിനമാം ജീവിതങ്ങള്‍-ചിലര്‍
ബലിദാനമേകിക്കടന്നുപോകും
തളരാത്ത മോഹങ്ങള്‍ പിന്നെയുമീ-നവ
തലമുറകള്‍വന്നു മഞ്ചലേറ്റും

മായാപ്രപഞ്ചത്തിലിനിയുംവരും-പുത്ത-
നീയാംപാറ്റകളായ് മനുഷ്യര്‍
ചിറകറ്റുപോകും ദിനങ്ങളിലോര്‍മ്മതന്‍
കടലാസുതോണികളായൊഴുകാന്‍.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ