2012, ഡിസംബർ 26, ബുധനാഴ്‌ച

 
                  കവിത    അന്‍വര്‍ ഷാ ഉമയനല്ലൂര്‍

ഇതാ നവവത്സരം


അരികിലായെത്തുന്നൊരുനവ വര്‍ഷം
സ്വാഗതമോതാം നമുക്കും സഹര്‍ഷം
ആഹ്ലാദമൊരുപോലുയരുമീ നിമിഷം
പൊഴിയുന്നാനന്ദാശ്രുപോല്‍ വര്‍ഷം.

നല്‍കുന്നു സുസ്മേരമെന്‍ ജന്മഗ്രാമം
കയ്പ്പൊഴിഞ്ഞുണരട്ടെ,ജീവിതാരാമം
മറയുന്നിതായിന്നൊരബ്ദിതന്‍ നാമം
പൊയ്പ്പോയിതുവഴിയെത്രയോജന്മം.

വീണ്ടും തിളങ്ങുന്നൊരു ഗഗനതാലം
പ്രത്യാശയേകി വന്നെത്തുന്നു കാലം
വറ്റാതെ കാക്കുനാ,മീ സ്നേഹസലിലം
നിത്യവുംനുകരേണമിതുമര്‍ത്യജാലം.

തൂമന്ദഹാസംപകര്‍ന്നുകൊണ്ടെന്നും
ഏകേണമന്‍പും തിരിച്ചുവേണ്ടൊന്നും
ഞാനെന്നഭാവം! കെടുത്തീടുകെന്നും
എങ്കില്‍നീ നിശ്ചയം താരമായ്‌മിന്നും.

കാലമാംകണ്ണാടിയില്‍നോക്കിയെന്നും
വദനം മിനുക്കിനില്‍ക്കുന്നിതാമന്നും
ഉപമിക്കുവാനൊന്നുമില്ലെന്നുതോന്നും
ഒന്നുമേയല്ലിതിന്‍മുന്നിലായ്;പൊന്നും.

മനസ്സിന്‍വെളിച്ചംമറഞ്ഞതിന്‍പേരില്‍
അലയുന്നൊരുപാടുപേരിന്നു പാരില്‍
ചൂണ്ടയുമായ്ച്ചിലര്‍നില്‍പ്പുണ്ടരികില്‍
ചതികോര്‍ത്തചിരിയുമായീനല്ലരാവില്‍.

നിസ്വാര്‍ത്ഥനാകാന്‍മറക്കാതിരിക്കില്‍
പിറക്കട്ടെ; പുതുവത്സരങ്ങളീയുലകില്‍
മുറിവുകളേല്‍ക്കാതിരിക്കട്ടെമനസ്സില്‍
സ്നേഹം! മരിക്കാതിരിക്കട്ടെ: ധരയില്‍.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ